കല്ലുവാതുക്കല്‍
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കില്‍പെടുന്ന 5 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കല്‍ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കല്‍ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കല്‍ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതില്‍ ഇന്നും ഒരു നഗരമെന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പര്‍വ്വതത്തിന്റെ ഗര്‍വ്വോടെ അംബരചുംബിയായി നില്‍ക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നര്‍ത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കല്‍ എന്ന് പേര് ലഭിച്ചത്. പഞ്ചായത്തിലെ പേരെടുത്തു കാട്ടിയിരുന്ന “കല്ലുവാതുക്കല്‍ പാറ” ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ഇന്നൊരു ചെറിയ ജലാശയമായി കണ്ണീര്‍ പൊഴിക്കുന്നു. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഒരു കാര്‍ഷിക മേഖലയാണ്. നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. വടക്ക് മരക്കുളം മുതല്‍ വെളിനല്ലൂര്‍ വരെ ഉദ്ദേശം 10 കി.മീ. നീളത്തില്‍ ഇത്തിക്കര ആറും, പടിഞ്ഞാറ് ചാത്തന്നൂര്‍, പൂതക്കുളം, ഇളകമണ്‍ പഞ്ചായത്തുകളും, തെക്ക് നാവായിക്കുളം പഞ്ചായത്തും, കിഴക്ക് പള്ളിക്കല്‍ പഞ്ചായത്തും ഉള്‍പ്പെട്ട അതിര്‍ത്തിക്കുള്ളില്‍ 36.57 ച.കി.മീ. വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഇത്.
സാമൂഹിക സാംസ്കാരിക ചരിത്രം
കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതില്‍ ഇന്നും ഒരു നഗരമെന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പര്‍വ്വതത്തിന്റെ ഗര്‍വ്വോടെ അംബരചുംബിയായി നില്‍ക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നര്‍ത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കല്‍ എന്ന് പേര് ലഭിച്ചത്. പഞ്ചപാണ്ഡവന്‍മാര്‍ കല്ലുവാതുക്കല്‍ പാറയുടെ മുകളില്‍ താമസിച്ചിരുന്നതിന്റെ അടയാളങ്ങള്‍ ഈ തലമുറയിലുള്ളവര്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഉരുളി കമഴ്ത്തിയ പാടും വറ്റാത്ത ഒരു കുളവും പാറ പൊട്ടിച്ചു തുടങ്ങിയ കാലം വരെ ഇവിടെ ഉണ്ടായിരുന്നു. പാഞ്ചാലി അരി കഴുകി ഒഴിച്ച കാടി ചിറക്കര ദേശത്തുകൂടി ഒഴുകി പോളച്ചിറ കായലില്‍ ചെന്ന് ചേര്‍ന്നു എന്നും അങ്ങനെ ആ കായലിന് കാടിയുടെ നിറം ഉണ്ടായെന്നുമാണ് ഐതിഹ്യം. പോളച്ചിറ കായലിന് കാടിച്ചിറ എന്നും പേരുണ്ട്. പാറയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള അതിമനോഹരമായിരുന്ന മുസാവരി ബംഗ്ളാവിന്‍ കുന്നില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും അതുകഴിഞ്ഞ് ചിത്തിരതിരുനാളും യാത്രാമദ്ധ്യേ വിശ്രമിക്കുമായിരുന്നു. ഈ ബംഗ്ളാവിന്‍ കുന്ന് പില്‍കാലത്തെ സി.പി യുടെ പട്ടാള ക്യാമ്പായി മാറി. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കല്‍ ഗ്രാമം. ഉണ്ണുനീലി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന ചിറക്കര ദേവീക്ഷേത്രവും, കൂത്തും കൂടിയാട്ടവും നിലനിന്നിരുന്ന ചെന്തുപ്പില്‍ ക്ഷേത്രവും, തെക്കന്‍ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ രാമപുരം ക്ഷേത്രവും, രാജവാഴ്ച നിലനിന്നിരുന്ന വേളമാനൂര്‍ അമ്പലവും, മീനമ്പലം ജംഗ്ഷനില്‍ ഒറ്റപ്പാറയില്‍ മേല്‍ക്കൂര നിര്‍മ്മിച്ച് അതിനുള്ളില്‍ മൂന്ന് മത്സ്യങ്ങളുടെ രൂപം വൃത്താകൃതിയില്‍ കൊത്തിവച്ച് നിര്‍മ്മിച്ചിട്ടുള്ള വഴിയമ്പലവും എല്ലാം കല്ലുവാതുക്കല്‍ ഗ്രാമത്തിന്റെ പൌരാണിക സാംസ്കാരിക ജീവിതത്തിന്റെ ഒളിമങ്ങാത്ത മുദ്രകളാണ്. ശ്രീരാമപുരം ക്ഷേത്രത്തില്‍ സ്വര്‍ണ്ണ കൊടിമരം പോലും ഉണ്ടായിരുന്നതായിട്ടാണ് ചരിത്രം. കരുമ്പാലൂര്‍ ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവന്‍ പിള്ള എന്നീ സമര നായകന്‍മാരെ സംഭാവന ചെയ്യാന്‍ കല്ലുവാതുക്കല്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതാക്കന്‍മാരായിരുന്ന ടി.എം.വര്‍ഗ്ഗീസ്, സി.കേശവന്‍, പി.കെ.കുഞ്ഞ്, കണ്ണംതോട്ടത്തില്‍ ജനാര്‍ദ്ദനന്‍ നായര്‍, പ്രക്ഷോഭണ സമരങ്ങള്‍ നയിച്ച ഗോപാലക്കുറുപ്പ്, വരിഞ്ഞം രാഘവന്‍ പിള്ള, സി പി യുടെ മര്‍ദ്ദനഭരണത്തിനെതിരെ ഓടിനടന്ന് പ്രസംഗിച്ച ജി.ജനാര്‍ദ്ദനക്കുറുപ്പ് എന്നിവര്‍ പഞ്ചായത്തിന്റെ സംഭാവനയാണ്. കെ.പി.എ.സി യുടെ സംഘാടകനും ആദ്യത്തെ പ്രസിഡന്റുമായിരുന്നു ജനാര്‍ദ്ദനക്കുറുപ്പ്. പാരിപ്പള്ളി പി.ഭാസ്ക്കരക്കുറുപ്പ്, കുട്ടപ്പക്കുറുപ്പ്, കേശവന്‍ കുട്ടി, ടൈലര്‍ ചിറക്കര കെ.ബാലന്‍ പിള്ള, കുഞ്ഞുപിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ കല്ലുവാതുക്കല്‍ ഗ്രാമം സംഭാവന ചെയ്തിട്ടുണ്ട്.

Comments